Friday 13 May 2016

സ്ത്രീയായി ജനിച്ചതിൽ അഭിമാനമോ ദുരഭിമാനമോ ?

സ്ത്രീ .... അവൾ അമ്മയാണ് , പ്രകൃതിയാണ് , സ്ത്രീ ഇല്ലെങ്കിൽ ഈ ലോകം തന്നെ ഇല്ല....

സ്ത്രീയായി ജനിച്ചതിൽ അഭിമാനമാണ് , പക്ഷെ ഈ ലോകം സ്ത്രീയെ വളരെ മൃഗീയമായി പീഡിപ്പിക്കുന്നത് കാണുമ്പോൾ വളരെ ദുഖം തോന്നുന്നു... ഇന്ന് 'അമ്മ' എന്ന് പറയാൻ തന്നെ മക്കൾക്ക്‌ ബുദ്ധിമുട്ടാണ്... ഒരു ഭ്രൂണം അമ്മയുടെ വയറ്റിൽ ജന്മമെടുക്കുമ്പോൾ അത് ആണോ പെണ്ണോ എന്നറിയാനുള്ള തിടുക്കമാണ്... കഷ്ട്ടകാലത്തിനു ആ ഭ്രൂണം ഒരു പെൻകുഞ്ഞിന്റെ ആണെങ്കിലോ ഉടനെ അവിടെ ഹത്യ നടന്നിരിക്കും...ശരിയല്ലേ ? ഈ ലോകത്ത് ജീവിക്കാൻ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്ക്കും അവകാശം ഉണ്ട് .. എന്നാൽ അബലകളായി മാറുവാൻ സമൂഹം അവളെ പ്രേരിപ്പിക്കുന്നു.. 

എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്.. അവർ ഒരിക്കലും 3 പെൺകുട്ടികൾ ഉണ്ടായതിൽ ദുഖിച്ചു ഞാൻ കണ്ടിട്ടില്ല.. എല്ലാവരും പറയും പെൺകുഞ്ഞുങ്ങൾ കുടുംബത്തിനു  ഐശ്വര്യമാണെന്ന്.. എന്റെ അനുഭവം വച്ച് അത് സത്യമാണ്.... പക്ഷെ  ചിലരുടെ  ദുഃഖം  കാണുമ്പോൾ  അവർ  സ്ത്രീ  ആയി  ജനിക്കണ്ടായിരുന്നു  എന്ന്  തോന്നി  പോകുന്നു ..

 ഒരു സ്ത്രീയായി ജനിച്ച് നരകിച്ചു ജീവിക്കുന്ന ഒരു പാവം അമ്മയുടെ കഥ ഞാൻ ഇവിടെ പറയാം...

'ഭാരതി' അതാണ്‌ അവരുടെ പേര്, പച്ചക്കറി വിറ്റാണ് അവർ ജീവിച്ചിരുന്നത്,   എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്ന നാൾ മുതൽ ഞാൻ അവരെ കാണുന്നതാണ്,    എന്നും രാവിലെ പച്ചക്കറിയുമായി അവർ വീട്ടില് വരുമായിരുന്നു, അവരോടായിരുന്നു ഞങ്ങൾ സ്ഥിരം പച്ചക്കറി വാങ്ങിയിരുന്നത് ..  കഴുത്തിൽ നല്ല ഭംഗിയുള്ള പതക്കവും, കാതിൽ നല്ല കല്ല്‌ പതിപ്പിച്ച വട്ടക്കമ്മലും, കൈകളിൽ ഓരോ വളയും നെറ്റിയിൽ കുങ്കുമം കൊണ്ട് വലിയ പൊട്ടും തൊട്ട് അവരുടെ വരവുകാണാൻ തന്നെ നല്ല ഭംഗിയാണ്..   ഞാൻ അവരുടെ വരവ് വളരെ കൌതുകത്തോടെ നോക്കിയിരിക്കും.   പച്ചക്കറി വിറ്റ് കിട്ടുന്ന പൈസ സ്വരുകൂട്ടി ഞങ്ങളുടെ നാട്ടിലുള്ള സഹകരണ ബാങ്കിൽ നിക്ഷേപിക്കും..ഇങ്ങനെ  എല്ലാം  സുക്ഷിച്ചു  കൈകാര്യം  ചെയ്യുന്ന   അവരുടെ മുഖത്ത് എപ്പോഴും  സങ്കടമായിരുന്നു  ...   പലപ്പോഴും  അവരോടു  ചോദിക്കണം  എന്നുണ്ടായിരുന്നു .  എന്റെ  മുന്നില്  വരുമ്പോഴെല്ലാം  അവർ  ചിരിക്കാൻ  ശ്രമിച്ചിരുന്നു .  ആ  ചിരി  അവരുടെ  ദുഖത്തെ  മറച്ചു  പിടിക്കാനുള്ള  ആയുധമാണ്  എന്ന്  എനിക്ക്  നന്നായി  അറിയാമായിരുന്നു .. അതുകൊണ്ട്  അവരുടെ  ആ  സങ്കടം  അവരിൽ  നിന്നും  അറിയുന്നതിൽ  ഞാൻ  പിന്തിരിഞ്ഞു ..പിന്നെയും  ആ  ചോദ്യം ബാക്കി  ആക്കി  ദിവസങ്ങള്  കടന്നുപോയി ..

ഒരിക്കൽ   ഞാൻ  അടുക്കള  ഭാഗത്തേയ്ക്ക്  ചെന്നപ്പോൾ  അമ്മയോട്  എന്തൊക്കെയോ  പറഞ്ഞ് അവർ  കരയുന്നുണ്ടായിരുന്നു .. എന്നെ  കണ്ടതും  അവർ  വേഗം  കരയുന്ന  മുഖത്തോടെ  ചിരിക്കാൻ  ശ്രമിച്ചു ..  അപ്പോൾ  തന്നെ  അവർ  അവിടെ  നിന്നും  പോകുകയും  ചെയ്തു ..  ഞാൻ    അമ്മയോട് ചോദിച്ചു എന്തിനാണ് അവർ എപ്പോഴും സങ്കടപ്പെടുന്നത് എന്ന് ..അപ്പോൾ  അമ്മ  പറഞ്ഞ  മറുപടി  ഇതായിരുന്നു .

 വിവാഹം കഴിക്കുക, ഒരു കുടുംബിനിയായി, അമ്മയായി, അമ്മുമ്മയായി ജീവിക്കുക എന്നത് ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്.. അവരും അതുപോലെ ഒരു ഭാര്യയായി കുടുംബിനിയായി ഒരു കുഞ്ഞിന്റെ അമ്മയായി..പക്ഷെ അധിക നാൾ ഭർത്താവുമൊത്ത് ജീവിക്കാൻ അവരെ ദൈവം അനുവദിച്ചില്ല. ഒരു  വാഹന  അപകടത്തിൽ  ആ  സ്ത്രീയുടെ  ഭർത്താവ്  മരിച്ചു .. ഒരു  മകനെ  അവർക്ക്  കൂട്ടായി  ദൈവം  കൊടുത്തു.. എല്ലാവരും  പറഞ്ഞു.. ഭർത്താവ്  മരിച്ചു  പോയാലും  അവൾക്കു  ഈശ്വരൻ  കൊടുത്തത്  ഒരു  ആൺകുഞ്ഞിനെ  അല്ലെ .. അവൻ  അവരെ  നോക്കും എന്നൊക്കെ ..  ആളുകൾക്ക്  എന്താ  പറയാൻ  വയ്യാത്തത്  അല്ലെ .. ഓരോ  അനുഭവയോഗങ്ങൾ  ആണല്ലോ  എല്ലാം .. ഞാൻ  ഇത്  പറയാൻ  കാര്യം  എന്താണെന്നു വെച്ചാൽ .. ആളുകള്  പറഞ്ഞതൊക്കെ  വെറുതെ  ആയി  എന്നാണ് .

വളരെ  കഷ്ട്ടപ്പെട്ട്  താഴത്തും  തലയിലും വെയ്ക്കാതെ  വളർത്തിയ   ആ  മകൻ  തിരിച്ചറിവിന്റെ  കാലമായിട്ടും ഒന്നും  അറിയാത്തവനെ  പോലെ  അമ്മയുടെ  തണൽ  പറ്റി ജീവിച്ചു ..  പുതിയ  കൂട്ട് കെട്ടുകൽ അവനെ  അമ്മയിൽ  നിന്നും  അകറ്റി ..  മയക്ക് മരുന്നിന്റെ  മായാലോകത്തായിരുന്നു  അവൻ .     

പാവം  ആരും  തുണയില്ലാത്ത   അവർ  എന്ത്  ചെയ്യാൻ  മകനെ  തിരികെ  കൊണ്ടുവരാൻ  എല്ലാ  വാതിലിലും  ചെന്ന്  മുട്ടി ..  അന്ന്  ഭർത്താവ് മരിച്ചപ്പോൾ  മകൻ  നോക്കും  ഇവളെ  എന്ന്  പറഞ്ഞ  എല്ലാവരും  പാവം  ആ  അമ്മയെ  കുറ്റപ്പെടുത്തി .. കൂടുതൽ  എന്ത്  പറയാൻ അവൻ ഒരു  രാത്രി  ആരോടും  പറയാതെ  നാട്  വിട്ടു ..അമ്മയെ നോക്കാൻ  ദൈവം  കൊടുത്ത  മകൻ  അമ്മയെ  ഉപേക്ഷിച്ചു  നാട്  വിട്ടു..അമ്മ പറയുന്നത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി ... പാവം  ആ  അമ്മ  മകനെയും കാത്ത് ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ജീവിച്ചു...

എന്നാൽ  ആ  പ്രതീക്ഷ  ശരിയായിരുന്നു ..ഒരിക്കൽ അവരുടെ  മകൻ തിരിച്ചു  വന്നു..  അപ്പോഴേയ്ക്കും  ആ  അമ്മ  മകനെ  മറന്നു  തുടങ്ങിയിരുന്നു .. ഓർമ്മകളുടെ  ചലനങ്ങൽ  നശിച്ചിരുന്നു .. ആരെയും  അറിയാതെ  എങ്ങിനെയൊക്കെയോ  ജീവിച്ചു  തുടങ്ങിയിരുന്നു  പാവം  ആ  സ്ത്രീ .   ഇതെല്ലാം  അവരുടെ  മകൻ  അറിഞ്ഞിട്ടും  നന്നാവാൻ  കൂട്ടാക്കാതെ  അയാള്   അമ്മയെ നോക്കാൻ തയ്യാറാവാതെ  വീണ്ടും  പെരുവഴിയിൽ  ഉപേക്ഷിച്ചു  തിരിച്ചു  പോയി . .. 

പിന്നെ അവരെ നോക്കിയത് അവരുടെ കുടുംബക്കാർ ആണ് ... പക്ഷെ ആരും തുണയില്ലാത്തവളെ  എത്ര നാൾ  നോക്കും, നോക്കിയവരോ അവരുടെ സ്വത്തിൽ  ആയിരുന്നു  കണ്ണ് ..  അവർക്കുണ്ടായിരുന്ന 5  സെന്റെ  സ്ഥലം  അത്  ആദ്യമേ  അവർ  കൈക്കലാക്കി , പിന്നീട്   മാലയും, കമ്മലും, വളയും എല്ലാം ഊരി വാങ്ങിച്ചു..   പണ്ട് അവർ പറയുമായിരുന്നു  എന്റെ മാലയും, കമ്മലും, വളയുമൊക്കെ ഉള്ളതുകൊണ്ട് എന്നെ ആരെങ്കിലുമൊക്കെ നോക്കും എന്ന്,   ശരിയാണ് അവര് പറഞ്ഞത് അതെല്ലാം വാങ്ങിച്ചു കഴിഞ്ഞപ്പോൾ കുടുംബക്കാരുടെ നോട്ടവും തീർന്നു.. അവര് പച്ചക്കറി വിറ്റ് സൂക്ഷിച്ച കാശും അവര് കൈക്കലാക്കി...

ഇപ്പോൾ അവർക്ക് ഒരുപാടു പ്രായമായി, കണ്ണ് കാണാതെ, ചെവി കേള്ക്കാതെ പ്രായാധിക്യത്താൽ വിഷമിക്കുന്ന ആ പാവം സ്ത്രീയ്ക്ക് കേറി കിടക്കാൻ ഒരു കൂരയില്ലാതെ, ഏതെങ്കിലും കടത്തിണ്ണയിലാണ് അന്തി ഉറങ്ങുന്നത്, ആരുടെയെങ്കിലും ഔദാര്യത്താൽ കിട്ടുന്ന ഭക്ഷണമാണ് പാവത്തിന്റെ വിശപ്പ്‌ മാറ്റുന്നത്...

ഇന്ന്  ഇതൊക്കെ  കാണുമ്പോൾ  ഒരുപാടു  സങ്കടം  തോന്നുന്നു .. കാരണം  ലോക  വനിതാ  ദിനം , മാതൃ  ദിനം  അങ്ങനെ  എന്തെല്ലാം  ദിനങ്ങളാണ്  ഉള്ളത് . ഈ ദിനങ്ങളിൽ  പോലും പാവം ആ അമ്മയ്ക്ക് എന്ത് സന്തോഷമാണ് ഉള്ളത്..?. ആ അമ്മയെ ആരാണ് സംരക്ഷിക്കുന്നത് ...? പാവം ആ സ്ത്രീയുടെ കണ്ണുനീര് കാണാൻ ആരുമില്ല...സ്ത്രീകൾ ഇന്ന് എല്ലാ തലത്തിലും കഴിവ് തെളിയിച്ചു എങ്കിലും...അവർക്കൊരു സംരക്ഷണം അത് സ്ത്രീകൾ എപ്പോഴും ആഗ്രഹിക്കുന്നു....

സ്ത്രീ ആയതില്‍  ഞാൻ  ഇന്ന്   അഭിമാനിക്കുന്നു,  കാരണം മറ്റൊരു സ്ത്രീയുടെ വേദന അറിയുന്നത് ഞാന്‍ സ്ത്രീ ആയതിനാലാണ്...